അദ്ദേഹം അഭിനയിച്ചു ജീവിച്ചതു പോലെ ചെയ്യാന്‍ മറ്റൊരു നടനും സാധിക്കില്ലെന്ന് യാത്രയുടെ സംവിധായന്‍ മഹി വി രാഘവ്!

മമ്മൂട്ടി ഈ കഥാപാത്രത്തെ അവതരിപ്പിച്ചതുപോലെ ചെയ്യാന്‍ മറ്റൊരു നടനും സാധിക്കില്ലെന്ന് യാത്രയുടെ സംവിധായന്‍ മഹി വി രാഘവ്. മമ്മൂട്ടി ഏറെ നാളുകള്‍ക്ക് ശേഷം അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് യാത്ര. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ച ഘട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മമ്മൂട്ടിയെന്ന നടനെ മഹി വാനോളം പ്രശംസിച്ചത്.
‘390ല്‍ അധികം സിനിമകള്‍, മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, 60ല്‍ അധികം നവാഗത സംവിധായകര്‍ക്കൊപ്പമുള്ള സിനിമകള്‍, അതിനെല്ലാമപ്പുറത്ത് ഒരു വലിയ മാര്‍ഗ ദര്‍ശിയും നല്ലൊരു മനുഷ്യനുമാണ് അദ്ദേഹം. ഒരിക്കല്‍ പോലും അദ്ദേഹത്തോട് അഭിനയം നന്നാക്കുവാന്‍ പറയേണ്ടി വന്നിട്ടില്ല. പ്രമേയത്തിലെ വ്യത്യസ്തതയാണ് പലപ്പോഴും അദ്ദേഹത്തെ ആകര്‍ഷിക്കാറുള്ളത്. യാത്രയില്‍ വൈഎസ് ആറായി മാറുന്നതിന് മുന്‍പ് അദ്ദേഹം കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സംഭാഷണത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി ഓരോ വരികളും ഡബ്ബ് ചെയ്യുകയും റീ-ഡബ്ബ് ചെയ്യുകയും ചെയ്ത നടനാണ് അദ്ദേഹം’ മഹി തന്റെ കുറിപ്പില്‍ പറയുന്നു.

‘ഇതില്‍ കൂടുതലൊന്നും എനിക്ക് അദ്ദേഹത്തില്‍ നിന്നും ചോദിക്കാനില്ല. നെഞ്ചത്ത് കൈവെച്ച് ഞാന്‍ പറയുന്നു, ഈ കഥാപാത്രവും തിരക്കഥയും അദ്ദേഹം അഭിനയിച്ചു ജീവിച്ചതു പോലെ ചെയ്യാന്‍ മറ്റൊരു നടനും സാധിക്കില്ലെന്നും മഹി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജൂണില്‍ ചിത്രീകരണമാരംഭിച്ച യാത്രയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. 30 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.

സംഗീത സംവിധായകനും ഗായകനുമായ കെ (കൃഷ്ണ കുമാര്‍) ആണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് നിര്‍മിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ എന്നാണ് സൂചന. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്.

Show More

Related Articles

Close
Close