ഇന്ത്യയുടെ യോഗ ലോകത്തിന്

yoga
ചരിത്രം രചിച്ച് ലോകമെങ്ങും ഇന്നു രാജ്യാന്തര യോഗാദിനം ആചരിക്കും.ലോകത്തു 192 രാജ്യങ്ങളിൽ യോഗാ ദിനാഘോഷമുണ്ടാകും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ന്യൂയോർക്കിൽ യുഎന്നിലെ യോഗാ ദിനാഘോഷത്തിനു നേതൃത്വംനൽകും. രാജ്പഥിൽ ആകാശമാർഗം ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെ തുടർന്നു വൻ സുരക്ഷാസംവിധാനങ്ങളൊരുക്കി. ഡ്രോണുകൾ, ബലൂണുകൾ, പട്ടങ്ങൾ, ഗ്ലൈഡർ എന്നിവയടക്കമുള്ള പറക്കുന്ന വസ്തുക്കളുടെ ഉപയോഗം ഡൽഹി പൊലീസ് നിരോധിച്ചു. അയ്യായിരത്തോളം സുരക്ഷാഭടന്മാരെ രാജ്പഥിൽ നിയോഗിച്ചിട്ടുണ്ട്.

വിദേശരാജ്യങ്ങളിലും രാജ്യത്തിനകത്തും സർക്കാർ സംഘടിപ്പിക്കുന്ന യോഗാഭ്യാസ പ്രകടനം ഒരേ രീതിയിലാണു ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഋഗ്വേദ മന്ത്രോച്ചാരണത്തോടെ തുടങ്ങുന്ന ചടങ്ങിൽ പ്രാഥമിക വ്യായാമങ്ങൾക്കു ശേഷം യോഗാസനങ്ങൾ ആരംഭിക്കും. തടാസന, വൃക്ഷാസന, പാദഹസ്‌താസന, അർധചക്രാസന, ത്രികോണാസന, ഭദ്രാസന, വക്രാസന, ഭുജംഗാസന, ശലഭാസന, മകരാസന, സേതുബന്ധനാസന, പവനമുക്‌താസന, ശവാസന എന്നിങ്ങനെയാണ് ആസനക്രമം. തുടർന്നു കപാൽഭാട്ടി, പ്രാണായാമ, ഭ്രമരി പ്രാണായാമ, ധ്യാനം, സങ്കൽപം. ഓം സർവേ ഭവന്തു സുഖിനഃ എന്നാരംഭിക്കുന്ന മന്ത്രോച്ചാരണത്തോടെ ചടങ്ങിനു വിരാമമാകും.

സംസ്ഥാനത്തും ഇന്നു യോഗാ ദിനം ആചരിക്കും. സംസ്ഥാനതല ഉദ്ഘാടനവും സൗജന്യ യോഗാ പരിശീലനവും സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 7.45നു ചീഫ് സെക്രട്ടറി ജിജി തോംസൺ ഉദ്ഘാടനം ചെയ്യും. യോഗാ ഡോക്യുമെന്ററിയുടെ പ്രകാശനം, യോഗാ ഡാൻസ്, സെമിനാർ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര നിയമ മന്ത്രി ഡി.വി. സദാനന്ദ ഗൗഡ തലസ്ഥാനത്തു മൂന്നു യോഗാ പരിപാടികളിൽ പങ്കെടുക്കും.സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രങ്ങളിലായി 55,000 എൻസിസി കെഡറ്റുകൾ ഇന്നത്തെ യോഗയിൽ പങ്കെടുക്കും. തലസ്ഥാനത്തു പാങ്ങോട് പരേഡ് ഗ്രൗണ്ടിൽ രാവിലെ ഏഴു മുതൽ 7.35 വരെയാണു യോഗ.രാജ്ഭവൻ ജീവനക്കാർ ഇന്ന് ഏഴു മുതൽ ഒരു മണിക്കൂർ യോഗാ നടത്തും. സെക്രട്ടേറിയറ്റ് ഡർബാർ ഹാളിലും ഇന്നു രാവിലെ ഏഴു മുതൽ 7.35 വരെ യോഗ സംഘടിപ്പിച്ചിട്ടുണ്ട്.

ഒരു വേദിയിൽ ഏറ്റവുമധികം ജനങ്ങൾ പങ്കെടുക്കുന്ന യോഗാഭ്യാസ പ്രകടനമെന്ന പേരിൽ രാജ്‌പഥിലെ പരിപാടി ഗിന്നസ് ബുക്കിൽ ഇടംപിടിക്കും. യോഗാ ഗുരു രാംദേവ്, കർണാടകയിലെ വ്യാസ സർവകലാശാലാ വിസി എച്ച്.ആർ. നാഗേന്ദ്ര, മുംബൈയിലെ യോഗാ ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി ഹൻസാജി ജയ്‌ദേവ് ജോഗേന്ദർ, ബേലൂർ മഠ് രാമകൃഷ്‌ണ മിഷൻ വിസി സ്വാമി ആത്മപ്രിയാനന്ദ എന്നിവർ രാജ്‌പഥിലെ യോഗാഭ്യാസത്തിനു നേതൃത്വംനൽകും. ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നുണ്ട്.ബിജെപി അധ്യക്ഷൻ അമിത് ഷാ പട്‌നയിലും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് വാരാണസിയിലും യോഗാ ദിനാചരണത്തിൽ പങ്കെടുക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close